ജയസൂര്യയെ (Jayasurya) കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത് ജോസഫ് (Abhijith Joseph) തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ജോൺ ലൂഥർ’ (John Luther Movie) തിയേറ്ററിൽ എത്തിയിരിക്കുകയാണ്. ഏറെ നാളുകൾക്ക് ശേഷം ജയസൂര്യ പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്താൻ ‘ജോൺ ലൂഥറിന്’ സാധിക്കുന്നുണ്ട്.
ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയായ ദേവികുളത്തെ സർക്കിൾ ഇൻസ്പെക്ടറാണ് ജോൺ ലൂഥർ (ജയസൂര്യ). ജോലിയിൽ അത്രയേറെ ആത്മാർത്ഥത പുലർത്തുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഒരു രാത്രി ജോണിന്റെ സ്റ്റേഷൻ പരിധിയിൽ ഒരു അപകടം നടക്കുന്നു. അപകടത്തിൽ ഒരാൾ സംഭവസ്ഥലത്ത് മരിക്കുകയും ഒപ്പമുണ്ടായിരുന്ന ഒരാളെ കാണാതാവുകയും ചെയ്യുന്നു. ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ അന്വേഷണത്തിന് പിറകെ നടക്കുന്ന ജോണിന് തന്നെയാണ് പോകെ പോകെ നിഗൂഢതകൾ വർധിക്കുന്ന ഈ കേസിന്റെയും അന്വേഷണ ചുമതല ലഭിക്കുന്നത്. അന്വേഷണത്തിനിടയിൽ ജോണിന് തന്റെ കേൾവി നഷ്ടപ്പെടുന്നു. ആ ശ്രവണവൈകല്യവും മറികടന്ന് കേസിന്റെ ചുരുളഴിച്ചുകൊണ്ടുള്ള ജോണിന്റെ യാത്രയാണ് ‘ജോൺ ലൂഥർ’ എന്ന ചിത്രം പറയുന്നത്.
വ്യത്യസ്‍ത കഥാപാത്രങ്ങളുമായെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള ജയസൂര്യയുടെ മികച്ച പൊലീസ് വേഷമാണ് ജോൺ ലൂഥർ. കേൾവി നഷ്ടപ്പെടുന്നതിന് ശേഷം കഥാപാത്രത്തിന്റെ രീതികളിലും പെരുമാറ്റത്തിലും ഉണ്ടാകുന്ന മാറ്റങ്ങളൊക്കെ മനോഹരമായി ചെയ്തിട്ടുണ്ട്. പൊലീസുകാരായി ദീപക് പറമ്പോള്‍, ശിവദാസ് കണ്ണൂര്‍, എന്നിവരും ശ്രദ്ധേയപ്രകടനമാണ് കാഴ്ചവെക്കുന്നത്. പതിവ് പോലെ അച്ഛൻ വേഷത്തിൽ സിദ്ദിഖ് മികച്ചു നിൽക്കുന്നു. ആത്മീയ, ദൃശ്യ രഘുനാഥ്, സെന്തിൽ കൃഷ്ണ, ശ്രീലക്ഷ്‌മി തുടങ്ങിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്. രണ്ടാം ഭാഗത്തിൽ മാത്രമെത്തുന്ന വില്ലനും പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട്.
ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്താൻ അഭിജിത് ജോസഫ് എന്ന സംവിധായകനും തിരക്കഥാകൃത്തിനും കഴിയുന്നുണ്ട്. ജോൺ ലൂഥറിന്റെ കുടുംബപാശ്ചാത്തലവും മറ്റും കാണിച്ചു തുടങ്ങുന്ന ചിത്രം രണ്ടാം ഭാഗത്തിൽ പൂർണമായും അതിന്റെ ത്രില്ലർ സ്വഭാവം നിലനിർത്തുന്നുണ്ട്. ഒപ്പം തന്നെ ചില വൈകാരിക നിമിഷങ്ങളും പ്രേക്ഷകർക്ക് സമ്മാനിക്കുന്നു. മേക്കിങ്ങിലും മികവ് പുലർത്തുന്നുണ്ട്.
എന്നാൽ ഇതുവരെ കണ്ടിട്ടുള്ള കുറ്റാന്വേഷണ കഥകളിൽ നിന്നും വലിയ വ്യത്യസ്തതയൊന്നും അവകാശപ്പെടാനില്ലാത്ത ചിത്രമാണ് ‘ജോൺ ലൂഥർ’. സമീപകാലത്ത് കണ്ടിട്ടുള്ള പല സിനിമകളുടെയും പാറ്റേൺ തന്നെയാണ് ചിത്രം പിന്തുടരുന്നത്. വില്ലൻ കഥാപാത്രത്തിന്റെ നിർമ്മിതിയിൽ ഉൾപ്പെടെ അത് പ്രകടമാണ്. അതുപോലെ പൊലീസ് കഥാപാത്രത്തെ വളരെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുമ്പോഴും ശ്രവണവൈകല്യം നേരിടുന്ന അയാൾ ജോലിയിൽ നേരിടാൻ സാധ്യതയുള്ള വെല്ലുവിളികളിലേക്ക് വലിയ ശ്രദ്ധനൽകാൻ കഴിയാതെ പോകുന്നുണ്ട്. എന്നാൽ തെല്ലും ലാഗ് തോന്നിപ്പിക്കാതെ പ്രേക്ഷകരെ വളരെ എൻഗേജിങ് ആക്കി ഇരുത്താനും ഭേദപ്പെട്ട ക്‌ളൈമാക്‌സ് സമ്മാനിക്കാനും ചിത്രത്തിന് കഴിയുന്നു.
John Luther Movie Review, John Luther Review, John Luther Rating, John Luther Movie watch online, John Luther full movie
അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ്സ് പി മാത്യു നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗ്ഗീസ്സ് രാജ് നിര്‍വ്വഹിച്ചിരിക്കുന്നത്. കോടമഞ്ഞിറങ്ങിയ ഇടുക്കിയുടെ സൗന്ദര്യവും കൊച്ചി നഗരത്തിന്റെ ആകാശ ഭംഗിയുമൊക്കെനന്നായി പകർത്താൻ റോബി വർഗീസിന് സാധിച്ചിട്ടുണ്ട്. ഷാന്‍ റഹ്മാന്‍ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും മികച്ചു നിന്നു. സിനിമയുടെ ത്രില്ലർ മൂഡ് നിലനിർത്തുന്നതിൽ ഷാനിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറുകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പ്രവീണ്‍ പ്രഭാകർ എഡിറ്റിങ്ങും അജയ് മങ്ങാട് കലാസംവിധാനവും നിർവഹിക്കുന്നു.
വലിയ പുതുമകൾ ഒന്നും അവകാശപ്പെടാനില്ലാത്ത എന്നാൽ നല്ല തിരക്കഥയും മേക്കിങ്ങും കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു ഡീസന്റ് ത്രില്ലർ ആണ് ‘ജോൺ ലൂഥർ’. കുറ്റാന്വേഷണ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം.
Courtesy :- Rahimeen K.B (The Indian Express)