വലിയ ബഹളങ്ങളില്ലാതെ, എന്നാൽ പറയാനുദ്ദേശിച്ച വിഷയം കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് നവാഗതയായ ഇന്ദു വിഎസ് (Indu V.S.) സംവിധാനം ചെയ്ത ’19(1)(a) എന്ന ചിത്രം. ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ ആണ് ആര്‍ട്ടിക്കിള്‍ 19. (Article 19) എന്തുകൊണ്ട് തന്റെ ആദ്യ ചിത്രത്തിന് ആ പേര് തന്നെ തിരഞ്ഞെടുത്തു എന്ന ചോദ്യത്തിനുള്ള മറുപടി അടിവരയിട്ട് ഉറപ്പിക്കുകയാണ് ഇന്ദുവിന്റെ ’19 വണ്‍ എ’.
വിജയ് സേതുപതിയും (Vijay Sethupathi) നിത്യ മേനനും (Nithya Menen) കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം വ്യക്തികളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഭരണകൂടവും രാഷ്ട്രീയശക്തികളും ഇല്ലാതാക്കാൻ ശ്രമിക്കുന്നതെങ്ങനെയാണെന്ന് പറയുന്നു. വിപ്ലവകാരിയായ ഒരെഴുത്തുകാരൻ തന്റെ പുസ്തകത്തിന്റെ കയ്യെഴുത്തുകോപ്പി ഒരു ഫൊട്ടോസ്റ്റാറ്റ് കടയിൽ പ്രിന്റെടുക്കാൻ ഏൽപ്പിക്കുന്നു.
ജീവിതം സമ്മാനിച്ച നഷ്ടങ്ങളോടും ശൂന്യതയോടും കലഹിക്കാൻ നിൽക്കാതെ, തന്റേതായ ഒരു ചെറിയ ലോകത്ത്, ഒരിലയെ പോലും ദ്രോഹിക്കാതെ, ഫോട്ടോസ്റ്റാറ്റ് കട നടത്തി ജീവിച്ചുപോവുന്ന ആ പെൺകുട്ടിയുടെ ജീവിതത്തിന്റെ കാഴ്ചപ്പാടുകളെ തന്നെ മാറ്റിമറിക്കാൻ കയ്യെഴുത്തുകോപ്പി കാരണമായി തീരുകയാണ്. അപരിചിതരായ രണ്ടുപേർക്കിടയിൽ അപ്രതീക്ഷമായി കാലം സമ്മാനിക്കുന്ന ചില നിയോഗങ്ങളാണ് കഥയെ ഹൃദയസ്പർശിയായൊരു അനുഭവമാക്കുന്നത്.
വിജയ് സേതുപതിയും നിത്യ മേനനും തങ്ങളുടെ കഥാപാത്രങ്ങളെ കയ്യൊതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. നിത്യമേനൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഒരു പേരുപോലും സംവിധായിക നൽകിയിട്ടില്ല. എന്നാൽ, സിനിമ കണ്ടുതീരുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത്ര ആഴത്തിലാണ് ആ കഥാപാത്രത്തെ സംവിധായിക അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് (Indrajith), ഇന്ദ്രന്‍സ് (Indrans), ശ്രീകാന്ത് മുരളി (Sreekandh Murali), അതുല്യ ആഷാഠം, ഭഗത് മാനുവല്‍, ദീപക്, ശ്രീലക്ഷ്മി പറമ്പോല്‍ തുടങ്ങിയവരും തങ്ങൾക്ക് കിട്ടിയ കഥാപാത്രങ്ങളെ ഭദ്രമാക്കിയിട്ടുണ്ട്.
പതിഞ്ഞ താളത്തിലാണ് ചിത്രത്തിന്റെ സഞ്ചാരം. അമിതമായ ബഹളങ്ങളോ, വാചക കസർത്തുകളോ ഒന്നുമില്ലാതെ ഒരു പുഴയൊഴുകും പോലെയാണ് കഥയെ തിരക്കഥാകൃത്തുകൂടിയായ ഇന്ദു മുന്നോട്ട് കൊണ്ടുപോവുന്നത്. മലയാളസിനിമയ്ക്ക് പ്രതിഭാധനയായ ഒരു സംവിധായകയെ കൂടി ലഭിച്ചിരിക്കുകയാണ് 19(1)(a)യിലൂടെ. ആദ്യ ചിത്രത്തിന് തന്നെ ഇത്തരമൊരു വിഷയം തിരഞ്ഞെടുക്കാൻ ധൈര്യം കാണിച്ച ഇന്ദു പ്രതീക്ഷ നൽകുന്നുണ്ട്. മനേഷ് മാധവിന്റെ ഛായാഗ്രഹണവും ഗോവിന്ദ് വസന്തയുടെ സംഗീതവും മികവുപുലർത്തുന്നു. 19(1)(a) എന്ന ചിത്രം പറയുന്ന രാഷ്ട്രീയം തന്നെയാണ് ചിത്രത്തിന്റെ പ്ലസ്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്‍റ് ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫും നീത പിന്‍റോയും ചേര്‍ന്നാണ്.